Monday, February 7, 2011

ഇരകളും, പിന്നെ ചില യാഥാര്‍ത്ഥ്യങ്ങളും




കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഒരു ഹൈദ്രാബാദി യുവതിയെ റോഡില്‍ ദയനീയ അവസ്ഥയില്‍ കാണാന് ഇടയായി. ഞാനും എന്റെ  കൂട്ടുകാരും അവരുടെ അടുത്ത് പോയി വിവരങ്ങള്‍ അന്വേഷിച്ചുവെങ്കിലും ഒന്നിനും വ്യക്തമായി മറുപടി അവരില്‍ നിന്ന് കിട്ടിയില്ല. മുഖത്തും  വാക്കിലും നോട്ടത്തിലും  ആരെയോ ഭയക്കുന്നത് പോലെ ഞങ്ങള്‍ക്ക് തോന്നി. ഞങ്ങള്‍ വളരെ നിര്‍ബന്ധിച്ചപ്പോള്‍ ആ സ്ത്രീ ഒരു അനാശ്യാസ കേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ടു വരുകയാണെന്നും നാട്ടില്‍ എത്തിക്കാന് സഹായിക്കണമെന്നും പറഞ്ഞു പൊട്ടി കരഞ്ഞു. ഭര്‍ത്താവും മൂന്നുമക്കളും അടങ്ങിയ കുടുംബത്തിന്റെ കഷ്ട്ടപാട് മാറ്റാന് വേണ്ടി വീട്ടുജോലിക്കാരിയുടെ വിസയില്‍ വന്നതായിരുന്നു. പക്ഷെ ഇവിടെ എത്തിയപ്പോളാണ് ചതിയില്‍ പെട്ട് എന്ന് മനസ്സിലായത്. അങ്ങനെ ഒരു മലയാളി നടത്തുന്ന അനാശ്യാസ കേന്ദ്രത്തില്‍ ആയിരുന്നു എത്തപ്പെട്ടത്. മൂന്നു മാസം അവിടെത്തെ പീഡനം സഹിച്ചു നിന്നു അവിടെ നിന്നു രക്ഷപ്പെട്ടു വരികയാണെന്നും തന്നെ പോലെ ചതിയില്‍ പെട്ട 6 സ്ത്രീകള്‍ അവരുടെ പിടിയില്‍ ഉണ്ടന്നും അവര്‍ പറഞ്ഞു. പിന്നീട് അവര്‍ പറഞ്ഞ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് ഈ ബ്ലോഗില്‍ എഴുതാനു കൊള്ളത്ത കാര്യങ്ങളാണ്. അത്രയ്ക്ക് വലിയ പീഡനമാണ്  അവിടെയുള്ള ഓരോ സ്ത്രീയും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ അവരെ ഇന്ത്യന്‍ എംമ്പസിയില്‍ കൊണ്ട് പോയി നാട്ടിലേക്കു പോവാനുള്ള സഹായങ്ങള്‍ ചെയ്തു  കൊടുത്തു.



ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല ഗള്‍ഫ്‌ രാജ്യങ്ങളില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ ഇങ്ങനെ ചതിയില്‍പ്പെട്ടു ഇരുട്ടുകയറിയ മുറികളില്‍ ജീവിക്കുന്നുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മസ്കറ്റില്‍ നിന്നു രണ്ടു മലയാളികള്‍ അടക്കം മൂന്നുപേരെ അനാശ്യാസ കേന്ദ്രം നടത്തിയതിനു പോലീസ് പിടിക്കുകയും  8  മലയാളി യുവതികള്‍ അടക്കം 18  പേരെ  രക്ഷപ്പെടുത്തുകയും ചെയ്തു. അതില്‍ ഭൂരി ഭാഗം പേരും വീട്ടു ജോലിക്കാരുടെ വിസയില്‍ വന്നു ചതിയില്‍ പെട്ടവര്‍ ആയിരുന്നു. കുറച്ചു കാലങ്ങള്‍ക്ക് മുന്‍പ് പ്രേമം നടിച്ചു ദുബായിലേക്ക് കൊണ്ട് വന്ന യുവതിയെ അനാശ്യാസ കേന്ദ്രത്തിനു വിറ്റ യുവാവിനെ കുറിച്ചും വാര്‍ത്ത‍ മാധ്യമങ്ങളിലൂടെ നമ്മള്‍ അറഞ്ഞിരുന്നു. ഇങ്ങനെ പുറം ലോകം അറിയുന്നതും രക്ഷപ്പെടുന്നതുമായ സ്ത്രീകള്‍ വെറും പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ്. ബഹുഭൂരിഭാഗം സ്ത്രീകളും, എല്ലാം നശിച്ചതിനു ശേഷമോ  മാരകരോഗങ്ങള്‍ക്ക് അടിമയായിട്ടോ ആണ് നാട്ടിലേക്കെത്തുക. 


മനോഹരമായ കെട്ടിടങ്ങള്‍ നിറഞ്ഞതും, ധാരാളം സമ്പന്നര്‍ വസിക്കുന്നതും, പ്രവാസികളുടെ സ്വപ്‌നങ്ങള്‍ നിറവേറ്റുന്നതും, പിന്നെ വീതി കൂടിയ റോഡുകള്‍, നിറയെ ആഡംബര കാറുകള്‍ ഇങ്ങനെ മനോഹരമായ സ്ഥലങ്ങള്‍ എന്നാണ് ഗള്‍ഫിലെ ഓരോ നഗരത്തെ  കുറിച്ചുമുള്ള പൊതുവായ ധാരണ. പക്ഷെ, ഈ മനോഹാരിതക്കപ്പുറം, വളരെ വൃത്തിക്കെട്ട ഒരു മുഖം കൂടിയുണ്ട് ഓരോ ഗള്‍ഫ്‌ നഗരത്തിനും. ദുബായ് എന്ന നഗരം കള്ളിനും പെണ്ണിനും വളരെ പ്രശസ്തമാണ് പത്തായത്തില്‍ നെല്ല് ഉണ്ടങ്കില്‍ എലി ഡല്‍ഹി യില്‍ നിന്ന് പോലും എത്തും എന്ന ഒരു ചൊല്ലുണ്ട് എന്നപോലെയാണ് ഇന്ന് ദുബായ് നഗരത്തിന്റെ അവസ്ഥ. വ്യാഴം, വെള്ളി തുടങ്ങിയ ദിവസങ്ങളില്‍ ദേര, നായിഫ് തുടങ്ങിയ സ്ഥലങ്ങളിലെ പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍  U A E  യുടെ അയല്‍രാജ്യങ്ങളുടെ രെജിസ്ട്രെഷന്‍ ഉള്ള ധാരാളം വാഹനങ്ങള്‍ കാണാറുണ്ട്. ഇതില്‍ അധിക പേരും ഇങ്ങനെയുള്ള അനാശ്യാസ കേന്ദ്രങ്ങള്‍ സന്ദര്‍ഷിക്കാന്‍ വേണ്ടിയാണു എത്തുന്നത്.


ദുബായിലെ മനോഹരമായ കെട്ടിടങ്ങളുടെ ഇരുട്ട് കയറിയ മുറിക്കുള്ളില്‍ ഇങ്ങനെ  ചതിയില്‍പ്പെട്ടു ധാരാളം സ്ത്രീകള്‍, ശരീരം മറ്റുള്ളവര്‍ക്ക്  കാഴ്ച്ചവെക്കുന്നുണ്ട്. ദേര, നായിഫ് തുടങ്ങിയ സ്ഥലങ്ങള്‍ അനാശ്യാസ കേന്ദ്രങ്ങള്‍ക്ക് വളരെ പ്രശസ്തമാണ്. ഇതിനെതിരെ അവിടെത്തെ ഭരണകൂടവും പോലീസും നടപടി എടുക്കുന്നുണ്ടങ്കിലും പൂര്‍ണ്ണമായി നിര്‍ത്തലാക്കാന് കഴിഞ്ഞിട്ടില്ല. സമീപ ഭാവിയിലെങ്കിലും ഇങ്ങനെയുള്ള കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കപ്പെടുമെന്നു നമുക്ക് പ്രതീക്ഷിക്കാം. 

അനാശ്യാസകേന്ദ്രങ്ങള്‍ നടത്തുന്ന കെട്ടിടങ്ങളില്‍ ക്യാമറകള്‍ ഉപയോഗിച്ച് വരുന്നതും പോകുന്നതുമായ ആള്‍ക്കാരെ നിരീക്ഷിക്കാന്    സംവിധാനങ്ങള്‍  ഉണ്ടാവും. ഇതിലൂടെ തന്നെ പുറത്തു നടക്കുന്ന എല്ലാകാര്യങ്ങളും ഇത്തരം കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്ക് മനസ്സിലാക്കാന്  പറ്റും. അതുകൊണ്ട് തന്നെ  നിമിഷങ്ങള്‍ക്കകം രക്ഷപ്പെടാനും കഴിയും.അനാശ്യാസ കേന്ദ്രം നടത്തുന്നവര്‍ പിടിക്കപ്പെടുന്നില്ല പിടിക്കപ്പെട്ടു ശിക്ഷ അനുഭവിക്കുന്നവര്‍ ഇരകളായ സ്ത്രീകള്‍ മാത്രമാണ് അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള കേന്ദ്രങ്ങളില്‍  ഒന്ന് പൂട്ടിയാലും വേറെ പുതിയത് ഒന്ന് തുറക്കപ്പെടുന്നു. ഇതിനു പിന്നില്‍ ഒരു അന്താരാഷ്ട്ര  മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നുള്ള കാര്യം ഉറപ്പാണ്‌. 

50 ദിര്‍ഹം തൊട്ടു മുകളിലേക്കാണ് ദുബായില്‍ ഓരോ പെണ്ണിന്റെയും മാംസത്തിന്റെ വില. സാധാരണ ദിവസങ്ങളില്‍  5 മുതല്‍ പത്ത് പ്രാവിശ്യം വരെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടെണ്ടി വരുമെന്നും വ്യാഴം വെള്ളി ദിവസങ്ങളില്‍ 20  ന്റെ  മുകളില്‍ വരും ഈ ദിവസങ്ങളില്‍ നാട്ടിലെ ബീവറേജ് ന്റെ മുന്നില്‍ ഉണ്ടാവുന്ന Q വിനു സമാനമായ നീണ്ട വരി തന്നെ ഉണ്ടാകും.  

വീട്ടു ജോലിക്ക് വരുന്ന സ്ത്രീകള്‍ ഇന്ത്യ ഗവണ്‍മെന്റിന്റെയും ഗള്‍ഫ്‌രാജ്യങ്ങളില്‍ വീട്ടുജോലിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ   മാനദണ്ടങ്ങളും    നിയമങ്ങളും അനുസരിച്ചാല്‍ ഒരു പരിധിവരെ ചതിയില്‍ പെടുന്നത് ഒഴിവാക്കാന് സാധിക്കും. നിയമങ്ങള്‍ പാലിക്കപ്പെടാതെ വീട്ടുജോലിക്ക് വരുന്നവരാണ് ചതിയില്‍ പെടുന്നവരില്‍ 80 ശതമാനവും. 
   
ഒരു കാര്യം കൂടി ഇവിടെ പറഞ്ഞില്ലങ്കില്‍ ഈ കുറിപ്പ് പൂര്‍ണ്ണമാവില്ല. മേല്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന്  നല്ലൊരു ശതമാനം പ്രവാസികളും അനാശ്യാസ കേന്ദ്രങ്ങളിലെ നിത്യ സന്ദഷകരാണെന്ന്  മനസ്സിലാക്കാന് കഴിയും. ദുബായില്‍ ജോലി  ചെയ്യുന്നു എന്നാ ഒരറ്റ കാരണത്താല്‍  പെണ് വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറി എന്ന് എന്റെ ഒരു കൂട്ടുകാരന്‍  പറയുക ഉണ്ടായി. ഇതുപോലെയുള്ള അനുഭവങ്ങള്‍ ധാരാളം പേര്‍ക്ക് ഉണ്ടായിട്ടുണ്ട്. പലരും അത് പുറത്തു പറയുന്നില്ല എന്നു മാത്രം.  പലപ്പോഴും ഇതിനു എതിരെ ശബ്ദം ഉയര്‍ത്താന് പലരും ആഗ്രഹിക്കുന്നുണ്ടെങ്കിലും അതുകൊണ്ട് ഉണ്ടാവുന്ന ഭവിഷ്യത്ത്  ഓര്‍ത്തു പിന്മാറുകയാണ് പതിവ്. ഇനിയും ഇങ്ങനെയുള്ള കേന്ദ്രങ്ങള്‍ക്ക് എതിരെ ശബ്ദം ഉയര്‍ത്താതെ ഇരുന്നല്‍ സമൂഹത്തിനോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിട്ടാണ് ചരമകോളം കാണുന്നത്. 

ഇങ്ങനെയുള്ള മാംസക്കച്ചവടക്കാരെ കണ്ടെത്തി,  തികച്ചും മാതൃകാ പരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ കഴിവുള്ള വ്യവസ്ഥിതിയും ഇല്ലാതിരിക്കുന്നത് കൊണ്ടാണ്,  ഇങ്ങനെയുള്ള  നിസ്സഹായകമായ വാക്കുകള്‍  കൊണ്ട് ചരമകോളത്തിനു പ്രതികരിക്കേണ്ടി വരുന്നത്. മലയാളികള്‍ സംസ്കാരികമായി എത്ര മുന്നേറിയാലും നമ്മുടെ കണ്ണടച്ച് ഇരുട്ടാക്കുന്ന സ്വഭാവം ഇനിയും മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ വരും തലമുറയെ കൂടി ബാധിക്കുന്നതാണീ പ്രശ്നങ്ങള്‍ എന്ന് ഓര്‍മ്മപ്പെടുത്തി കൊണ്ടും നിര്‍ത്തുന്നു.     

Saturday, February 5, 2011

മുന്നറിയിപ്പ്




ഈജിപ്തിലേയും , ടുണീഷ്യയിലേയും, യെമെനിലേയും നഗരങ്ങളില്‍ പുകഞ്ഞു കൊണ്ടിരിക്കുന്ന അഗ്നി, ഇനി വ്യാപിക്കാനിരിക്കുന്ന നഗരങ്ങളും, ആരും ഒരു രാജ്യവും   സുരക്ഷിതമല്ല  എന്ന സത്യത്തെ വിളിച്ചോതുന്നു. ജനങ്ങള്‍ ഒന്ന്  സംഘടിച്ചാല്‍ ഏതു ദന്തഗോപുരവും നിലം പൊത്താന്‍ നിമിഷങ്ങള്‍ മതി എന്ന് നമ്മളെ വീണ്ടും ഓര്‍മ്മിപ്പിച്ചു  കൊണ്ട്  ഒരു ജനകീയ വിപ്ലവം കൂടി അതിന്റെ ഫലപ്രാപ്തിയിലേക്ക് എത്തുന്നു. എല്ലാ നല്ല ജനകീയ വിപ്ലവങ്ങള്‍ക്കും അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടും, അതുപോലെ    ഇന്ത്യയിലേക്ക്  ഈ ജനകീയ വിപ്ലവത്തിന്റെ അലകള്‍ കടന്നു വരും മുന്‍പേ നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പാര്‍ട്ടികളും  ജനക്ഷേമത്തിലേക്ക് തിരിയുമെന്നു ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു കൊണ്ടും, ഒരു മുന്നറിയിപ്പായി കൊണ്ടും ചരമകോളം ഏതാനും വരികള്‍ ഇവിടെ കുറിക്കുന്നു. 


പേരില്ലാത്തത് എനിക്കാണ്,
എന്റെ പേര് ജീര്‍ണിച്ച 
കഴുക്കോല്‍ പോലെ ദ്രവിച്ചതാണ്.
നയിക്കാന്‍ നേതാവില്ലാത്ത,
കൈ പിടിച്ചുയര്‍ത്താന്‍
പ്രവാചകരില്ലാത്ത അവസ്ഥയില്‍ 
തിന്മയെ ചെറുക്കന്‍ ആയുധങ്ങളില്ലാതെ 
കാപട്യത്തെ തടയാന്‍ ശക്തിയില്ലാതെ 
അടിമത്വത്തിലേക്ക് വഴുതി വീണു 
കൊണ്ടിരിക്കുന്നു, ഇനി 
അധിക നാള്‍ ഞങ്ങള്‍ 
സഹിച്ചെന്ന് വരില്ല 
എന്‍റെ പേടി ഇന്ന് നിങ്ങളെ  
ഓര്‍ത്താണ്, നിങ്ങള്‍ അധികം താമസിയാതെ
തെരുവുകളില്‍ പിടഞ്ഞു വീഴും.
ഇന്ന് നിങ്ങള്‍ എന്‍റെ കയ്യില്‍ തന്ന
ആയുധം നാളെ  നിങ്ങളുടെ നേരെയും  തിരിയും 
അതുവരെ നിങ്ങള്‍ സുരക്ഷിതര്‍
അതുവരെ മാത്രം നിങ്ങള്‍
സുരക്ഷിതര്‍.  ഒരു തീപ്പൊരി മതി
നിങ്ങളുടെ സിംഹാസനങ്ങള്‍ 
ചാരമാകാന്‍.
കരുതിയിരിക്കുക 

Thursday, February 3, 2011

ഒരു ജനപ്രതിനിധിയുടെ ആത്മ സംഘര്‍ഷങ്ങള്‍



"സദാചാരം" എന്ന വിഷയത്തില്‍,
ചര്‍ച്ചക്ക്  വിളിച്ചിരുന്നു എന്നെ,
എന്ത് പറഞ്ഞാണ് ഒന്ന് 
ഒഴിയുക!!!
മതവിശ്വാസം 
സ്ഥാപിക്കുവാന്‍, 
കൈ വെട്ടുന്ന തിരക്കില്‍ 
മറന്നു പോയെന്നു പറയാം 
അല്ലെങ്കില്‍ 
പെണ്‍വാണിഭക്കാരെ കൈയാമം 
വയ്ക്കുന്ന തിരക്കില്‍ 
മറന്നു പോയെന്നു 
പറയാം.
അല്ലെങ്കില്‍,
എതിര്‍ ചേരിയില്‍ 
വെട്ടിവീഴ്ത്തേണ്ടവരുടെയും
പിന്നെ 
ബോംബെറിയേണ്ട വീടുകളുടെയും  
പട്ടിക തയ്യാറാക്കുന്ന
തിരക്കില്‍ മറന്നു പോയെന്നു 
പറയാം.
അല്ലെങ്കില്‍ 
അഴിമതിക്കെതിരെ നടുത്തളത്തില്‍ 
ശബ്ദം വച്ച് 
തൊണ്ട  അടച്ചിരിക്കുകയാണെന്ന് 
പറയാം,
ഇത്രയെല്ലാം ചെയ്തിട്ടും 
എന്നെ 
പ്രസക്തനാക്കി 
നിര്‍ത്തുന്ന 
ജനാധിപത്യത്തിനു 
ഞാന്‍ എന്താണ് കൈക്കൂലി
വാങ്ങാതെ 
ചെയ്തു കൊടുക്കുക 
അതെ എനിക്ക് ഓര്‍മ്മ വന്നു,
നാളെ നല്ലൊരു  സദാചാര പ്രസംഗം
അങ്ങ് നടത്താം. 
അതല്ലേ, അതുമാത്രമല്ലേ, ഞങ്ങള്‍ കാലങ്ങളായി 
ചെയ്തു വരുന്നത്  


Wednesday, February 2, 2011

വില



ചരമകോളം  വഴി വഴുതനങ്ങ, 
ഉള്ളി കച്ചവടം നടക്കുമോ എന്നറിയില്ല
കാരണം ഭയങ്കര വിലയാണ് 
ഇപ്പോള്‍ പച്ചക്കറിക്ക് 
അതും തമിഴ്നാടിന്റെ 
പച്ചക്കറി. 
അതിര്‍ത്തി കടന്നുള്ള തീവ്രവാദമാണ് 
ഈ "കൂടിയ പച്ചക്കറി വില".
പാലും നെല്ലും ഇനി  
ഭൂമിക്കടിയില്‍ നിന്നും 
കുഴിചെടുക്കേണ്ടി വരുമോ?